Saturday, September 3, 2011

ക്രോണിക്കിള്സ്

കല്‍കട്ടയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ വെച്ചാണ് ഗ്രേസി പോളിനെ ആദ്യമായി പരിചയപ്പെടുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ എവിടെയോ ഉള്ള ഒരു കോണ്‍വെന്റ് സ്കൂളില്‍ അദ്ധ്യാപികയായിരുന്നു അന്ന് അവര്‍. രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ഒരേ കൂപ്പയിലായിരുന്നു യാത്ര . വിന്‍ഡോ സീറ്റില്‍ നേരമത്രയും കയ്യിലെ തടിച്ച പുസ്തകത്തില്‍ കണ്ണും നട്ടിരിക്കും, ഇടയ്ക്ക് പുറത്തേക്ക് നോക്കും, ഉഷ്ണക്കാറ്റില്‍ പാറി പറക്കുന്ന മുടി ഒന്ന് ഒതുക്കും, ആരേലും എന്തേലും ചോദിച്ചാല്‍ കഴിവതും ഒറ്റ വാക്കില്‍ ഉത്തരം, ഒരു പുഞ്ചിരി അത്ര മാത്രം. രണ്ടര ദിവസത്തെ യാത്രയില്‍ അവര്‍ ആ വലിയ പുസ്തകം വായിച്ചു തീര്‍ത്തു എന്ന് തോന്നുന്നു! അന്ന് അവരോട് വല്ലാത്ത ആരാധന തോന്നിപ്പോയി. ഞാന്‍ നന്നേ ചെറുപ്പമാണ്. ആരാധന തോന്നാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന കാലം. ജോലി കല്‍കട്ടയില്‍ കിട്ടിയതില്‍ വളരെ സന്തോഷിച്ചിരുന്നു തുടക്കത്തില്‍. പക്ഷെ ക്രമേണ കടുകെണ്ണയുടെ മടുപ്പിക്കുന്ന മണം അവിടുത്തെ ജീവിതത്തിനും ഉണ്ടെന്നു മനസ്സിലാക്കി. അതുകൊണ്ട് രണ്ട് ദിവസം അവധി തരപ്പെട്ടാല്‍ കിട്ടാവുന്ന ലീവത്രയും എടുത്ത് നാട്ടിലേക്ക് മുങ്ങും. അതായിരുന്നു പതിവ്. അങ്ങിനെ ഒരു മുങ്ങലില്‍ നിന്ന് അനിവാര്യമായ പോങ്ങലിലെക്കുള്ള യാത്രയായിരുന്നു അതും.

കല്‍കട്ടയില്‍ ഇറങ്ങാറായപ്പോഴാണ് ഞങ്ങള്‍ എന്തെങ്കിലും പരസ്പരം സംസാരിച്ചത്. നാടിനെകുറിച്ചോ വീടിനെകുറിച്ചോ ഒന്നും അല്ല, കുട്ടികളെ പറ്റിയും, വിദ്യാഭ്യാസ രീതിയെ പറ്റിയുമായിരുന്നു സംസാരം. വല്ലാത്ത ഒരു തരം ഷാര്‍പ്പ്നെസ്സ് അവരുടെ സംഭാഷണത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അന്ന് തോന്നി. ആ സംഭാഷണങ്ങളില്‍ ഒരു താത്പര്യവും ഇല്ലാത്തത് മാതിരി അവരോടൊപ്പം വന്ന കന്യാസ്ത്രീകള്‍ ഇരുന്നു. ഒരു വേള ഇന്‍റെലെക്ച്വല്‍ റീപോസ് അല്പം കൂടിപോയില്ലേ എന്ന് എനിക്കും തോന്നി.

ഏതായാലും ആ യാത്രയ്ക്ക് ശേഷം പിന്നീട് കുറെ കാലം അവരെ കാണുകയോ, അവരെ കുറിച്ച് ചിന്തിക്കുകയോ ചെയ്തില്ല. ഞാനും കല്‍കട്ടാ നഗരത്തിന്റെ താളത്തില്‍ ലയിച്ചു.

രാജ്യകാര്യം


അല്ല, ഞാന്‍ പറഞ്ഞു വന്നത് സ്വപ്നവാസവദത്തത്തെ പറ്റിയാണ് വാസവദത്തയേയും പത്മാവതിയെയും വിട്ടുകളയാം. ഉദയനന്‍.... അവന്‍ ആണ് താരം. ആര്‍ഷ ഭാരതത്തിലെ നല്ല ഒന്നാം തരം കോഴി രാജാവ്. വാസവദത്തം കൂടാതെ ഭാസന്‍റെ തന്നെ പ്രതിജ്ഞായൌഗന്ധരായണം, ഹര്‍ഷന്‍റെ രത്നാവലി എന്നീ സംസ്കൃത നാടകങ്ങളില്‍ ഉദയനന്‍ തന്നെ കേന്ദ്ര കഥാപാത്രം. ഹമേലിനിലെ പൈഡ്പൈപ്പറിനെപ്പോലെ സംഗീതം കൊണ്ട് ജാലവിദ്യ കാട്ടി കാട്ടില്‍നിന്നു ആനകളെപ്പോലും വശത്താക്കുന്നതില്‍ നിപുണന്‍. ആന പിടുത്തത്തില്‍ ഉണ്ടായിരുന്ന ഈ നൈപുണ്യം പെണ്ണ് പിടിയിലും കള്ള് കുടിയിലും കൂടി ആയപ്പോള്‍ രാജാവ് പരമ യോഗ്യനായി. പുരുഷ കേസരി, എന്തുകൊണ്ടും ഭാരതം ഭരിക്കാം.

ജനാധിപത്യത്തില്‍ നേതാക്കള്‍ ഉദയനനെപ്പോലെ പരസ്യമായി വ്യഭിചരിക്കാത്തതാണ് വിഷയം. സദാചാരം പുലമ്പി ഖദര്‍ തൊപ്പിക്കുള്ളില്‍ കുപ്പി ഒളിപ്പിച്ച് ഇരുട്ടില്‍ പഞ്ചാര ഒലിപ്പിച്ച് നടക്കുന്ന ഹസാരെമാരെക്കാലും ഭേദം ഉദയനന്‍ തന്നെ.