Saturday, September 3, 2011

ക്രോണിക്കിള്സ്

കല്‍കട്ടയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ വെച്ചാണ് ഗ്രേസി പോളിനെ ആദ്യമായി പരിചയപ്പെടുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ എവിടെയോ ഉള്ള ഒരു കോണ്‍വെന്റ് സ്കൂളില്‍ അദ്ധ്യാപികയായിരുന്നു അന്ന് അവര്‍. രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ഒരേ കൂപ്പയിലായിരുന്നു യാത്ര . വിന്‍ഡോ സീറ്റില്‍ നേരമത്രയും കയ്യിലെ തടിച്ച പുസ്തകത്തില്‍ കണ്ണും നട്ടിരിക്കും, ഇടയ്ക്ക് പുറത്തേക്ക് നോക്കും, ഉഷ്ണക്കാറ്റില്‍ പാറി പറക്കുന്ന മുടി ഒന്ന് ഒതുക്കും, ആരേലും എന്തേലും ചോദിച്ചാല്‍ കഴിവതും ഒറ്റ വാക്കില്‍ ഉത്തരം, ഒരു പുഞ്ചിരി അത്ര മാത്രം. രണ്ടര ദിവസത്തെ യാത്രയില്‍ അവര്‍ ആ വലിയ പുസ്തകം വായിച്ചു തീര്‍ത്തു എന്ന് തോന്നുന്നു! അന്ന് അവരോട് വല്ലാത്ത ആരാധന തോന്നിപ്പോയി. ഞാന്‍ നന്നേ ചെറുപ്പമാണ്. ആരാധന തോന്നാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന കാലം. ജോലി കല്‍കട്ടയില്‍ കിട്ടിയതില്‍ വളരെ സന്തോഷിച്ചിരുന്നു തുടക്കത്തില്‍. പക്ഷെ ക്രമേണ കടുകെണ്ണയുടെ മടുപ്പിക്കുന്ന മണം അവിടുത്തെ ജീവിതത്തിനും ഉണ്ടെന്നു മനസ്സിലാക്കി. അതുകൊണ്ട് രണ്ട് ദിവസം അവധി തരപ്പെട്ടാല്‍ കിട്ടാവുന്ന ലീവത്രയും എടുത്ത് നാട്ടിലേക്ക് മുങ്ങും. അതായിരുന്നു പതിവ്. അങ്ങിനെ ഒരു മുങ്ങലില്‍ നിന്ന് അനിവാര്യമായ പോങ്ങലിലെക്കുള്ള യാത്രയായിരുന്നു അതും.

കല്‍കട്ടയില്‍ ഇറങ്ങാറായപ്പോഴാണ് ഞങ്ങള്‍ എന്തെങ്കിലും പരസ്പരം സംസാരിച്ചത്. നാടിനെകുറിച്ചോ വീടിനെകുറിച്ചോ ഒന്നും അല്ല, കുട്ടികളെ പറ്റിയും, വിദ്യാഭ്യാസ രീതിയെ പറ്റിയുമായിരുന്നു സംസാരം. വല്ലാത്ത ഒരു തരം ഷാര്‍പ്പ്നെസ്സ് അവരുടെ സംഭാഷണത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അന്ന് തോന്നി. ആ സംഭാഷണങ്ങളില്‍ ഒരു താത്പര്യവും ഇല്ലാത്തത് മാതിരി അവരോടൊപ്പം വന്ന കന്യാസ്ത്രീകള്‍ ഇരുന്നു. ഒരു വേള ഇന്‍റെലെക്ച്വല്‍ റീപോസ് അല്പം കൂടിപോയില്ലേ എന്ന് എനിക്കും തോന്നി.

ഏതായാലും ആ യാത്രയ്ക്ക് ശേഷം പിന്നീട് കുറെ കാലം അവരെ കാണുകയോ, അവരെ കുറിച്ച് ചിന്തിക്കുകയോ ചെയ്തില്ല. ഞാനും കല്‍കട്ടാ നഗരത്തിന്റെ താളത്തില്‍ ലയിച്ചു.

രാജ്യകാര്യം


അല്ല, ഞാന്‍ പറഞ്ഞു വന്നത് സ്വപ്നവാസവദത്തത്തെ പറ്റിയാണ് വാസവദത്തയേയും പത്മാവതിയെയും വിട്ടുകളയാം. ഉദയനന്‍.... അവന്‍ ആണ് താരം. ആര്‍ഷ ഭാരതത്തിലെ നല്ല ഒന്നാം തരം കോഴി രാജാവ്. വാസവദത്തം കൂടാതെ ഭാസന്‍റെ തന്നെ പ്രതിജ്ഞായൌഗന്ധരായണം, ഹര്‍ഷന്‍റെ രത്നാവലി എന്നീ സംസ്കൃത നാടകങ്ങളില്‍ ഉദയനന്‍ തന്നെ കേന്ദ്ര കഥാപാത്രം. ഹമേലിനിലെ പൈഡ്പൈപ്പറിനെപ്പോലെ സംഗീതം കൊണ്ട് ജാലവിദ്യ കാട്ടി കാട്ടില്‍നിന്നു ആനകളെപ്പോലും വശത്താക്കുന്നതില്‍ നിപുണന്‍. ആന പിടുത്തത്തില്‍ ഉണ്ടായിരുന്ന ഈ നൈപുണ്യം പെണ്ണ് പിടിയിലും കള്ള് കുടിയിലും കൂടി ആയപ്പോള്‍ രാജാവ് പരമ യോഗ്യനായി. പുരുഷ കേസരി, എന്തുകൊണ്ടും ഭാരതം ഭരിക്കാം.

ജനാധിപത്യത്തില്‍ നേതാക്കള്‍ ഉദയനനെപ്പോലെ പരസ്യമായി വ്യഭിചരിക്കാത്തതാണ് വിഷയം. സദാചാരം പുലമ്പി ഖദര്‍ തൊപ്പിക്കുള്ളില്‍ കുപ്പി ഒളിപ്പിച്ച് ഇരുട്ടില്‍ പഞ്ചാര ഒലിപ്പിച്ച് നടക്കുന്ന ഹസാരെമാരെക്കാലും ഭേദം ഉദയനന്‍ തന്നെ.

Monday, July 19, 2010

കറുപ്പ്

"ആമിനയും അമ്മിണിക്കുട്ടിയും ഒന്നുതന്നെ അല്ലേ?"
ഉറക്കത്തില്‍ നിന്ന് അയാള്‍ ഞെട്ടി ഉണര്‍ന്നു. ജാലക വിടവിലൂടെ പാല്‍ ചുരത്തുന്ന പര്‍വ്വതനിലാവ് ഊര്‍ന്നിറങ്ങുന്നു. അകലെ ദൃഡഗാത്രരായ പാമിര്‍പര്‍വ്വതശിഖരങ്ങള്‍.
"വെളിച്ചം. നശിച്ച വെളിച്ചം."
നിലാവിന്‍റെ വെണ്മയെ നോക്കി അയാള്‍ പിറുപിറുത്തു. ഇതിനകം തന്നെ അയാള്‍ വെളുപ്പിനെ വെറുക്കാന്‍ പഠിച്ചിരുന്നു. കറുപ്പിന്‍റെ, അഫ്ഗാന്‍ കറുപ്പിന്‍റെ ലഹരിയില്‍ അയാള്‍ എല്ലാം വെറുത്തു. നിലാവിന്‍റെ വെളുപ്പ്‌, ആമ്പല്‍ പൂവിന്‍റെ വെളുപ്പ്‌, എന്തിന് അവളുടെ കവിള്‍ത്തടങ്ങളുടെ വെളുപ്പുപോലും.
"നാശം." മറവിയുടെ കല്ലറയില്‍ ഉറങ്ങിക്കിടന്ന പ്രേതസ്മരണകളെ തട്ടി ഉണര്‍ത്തിയ സ്വപ്നത്തെ ശപിച്ചുകൊണ്ട്‌ അയാള്‍ വരാന്തയിലേക്ക്‌ ഇറങ്ങി. വരാന്തയില്‍ തണുപ്പത്ത് ഹുക്കയ്ക്ക് മുന്നില്‍ ഒരു പ്രതിമ പോലെ ഇരിക്കുന്നു അല്ലാബക്സ്ഖാന്‍. മതിപിടിപ്പിക്കുന്ന അഫ്ഗാന്‍ കറുപ്പെരിയുന്ന ഹുക്ക രാത്രി മുഴുവനും ശ്വസിച്ച് ഇരിന്നുറങ്ങുകയായിരുന്നു അയാള്‍.അലാബക്സില്‍നിന്നും ഹുക്ക തിരിച്ചുവെച്ചു അയാള്‍, വയസ്സന്‍റെ തുപ്പല്‍ പുരണ്ട ഹുക്കയുടെ അഗ്രത്തില്‍, ചുണ്ടുകളമര്‍ത്തി. നനഞ്ഞ കറുപ്പിന്‍റെയും പുകയിലയുടെയും ഗന്ധമാല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല. എല്ലുറയുന്ന മദ്ധ്യേഷ്യന്‍ തണുപ്പില്‍ ഹുക്കയിലെ അവസാന തീക്കനലും അണഞ്ഞിരുന്നു. അതേ, തീക്കനല്‍ നഷ്ടം. അതാണ്‌ അയാള്‍ക്കും ഈ രാത്രി സംഭവിച്ചത്.
പാമിറിന്‍റെ മുടിയില്‍നിന്നും ഗര്‍വ്വോടെ ആഞ്ഞടിക്കുന്ന ശൈത്യകാറ്റിനെ കൂസാതെ അയാള്‍ വരാന്തയിലൂടെ പുറത്തേക്കു നടന്നു. കാറ്റില്‍ അയാളുടെ നീണ്ട താടിരോമങ്ങള്‍ പാറിപറന്നു. അയാള്‍ മുകളിലേക്ക് നോക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ആകാശം കാണുന്നതെന്ന് അയാള്‍ക്ക്‌ തോന്നി. താര നിബിഡമായ ആകാശത്തെ. പൂര്‍ണ്ണചന്ദ്രനെ. അല്ല അമ്പിളി അമ്മാവനെ. "ആ ആ ആ. ന്‍റെ മോന്‍ വേഗം കഴിക്ക് ഇല്ലേ അമ്പിളി അമ്മാവന്‍ റാഞ്ചിക്കൊണ്ട് പോകും. വേഗം. ആ ആ ആ."
"ഉമ്മാ......." അയാളുടെ ചുണ്ടുകള്‍ വിറച്ചു.
സ്വപ്നത്തിന്‍റെ വഴിയേ അയാള്‍ നടന്നു.പരിചിതമായ പഴയ നാട്ട്‌വഴി.
"നീ ഇന്നലെ ഞങ്ങള്‍ക്ക് വെള്ളില പൊട്ടിച്ചു തരാം എന്ന് പറഞ്ഞിട്ട് പറ്റിച്ചു അല്ലേ? പണ്ട് ഞങ്ങള്‍ എന്ത് പറഞ്ഞാലും നീ കേള്‍ക്കുമായിരുന്നു. പത്രാസ്സ്. എന്താ ചെക്കന്‍റെ പത്രാസ്സ്." അമ്മിണിക്കുട്ടി പരിഭവിച്ചു.
അബ്ദു മന്ദഹസിച്ച്കൊണ്ട് പറഞ്ഞു "വേണോന്നു വച്ചിട്ടാണോ അമ്മുക്കുട്ടിച്ചീ, സമയം കിട്ടേണ്ടേ. ദേ ഇവളോടു ചോദിക്ക്, ഞാന്‍ എവിടേലും ചോവ്ട് ഉറപ്പിച്ച് ഇരിക്കുന്നത് കാണാറൊണ്ടോന്ന്. പള്ളീ പോണം ഉസ്താദിന്‍റെ പ്രഭാഷണം കേള്‍ക്കണം, പിന്നെ അവിടെഇവിടെയായി പല പണികളും അങ്ങ് വരും. കേള്‍ക്കണോ, ഉസ്താദിന് എന്നെ വലിയ ഇഷ്ടമാ. അങ്ങേരുടെ സംസാരം കേള്‍ക്കാന്‍ എന്ത് രസമാ."
"ഹോ ഹോ ഹോ. അവന്‍റെ ഒരു ഉസ്താദ്." ആമിനയാണ് അതിനു മറുപടി പറഞ്ഞത്. "എവിടുന്നു വന്നെടാ ഈ മനുഷ്യന്‍. അയാള്‍ക്ക്‌ വേണ്ടി നീ എന്തിനാ ഇങ്ങനെ ചേടിവേല ചെയ്യുന്നേ."
അബ്ദു അത് കേട്ടില്ല. വഴിയരികിലെ അതിരാണിയില്‍ ഇരുന്ന ഒരു തുമ്പിയെ പിടിക്കാന്‍ നോക്കുകയായിരുന്നു അവന്‍. കൈ വീശുന്നതിന്‍റെ ഊക്കത്തില്‍ പറന്നുയരാന്‍നോക്കിയ തുമ്പിയെ മുഷ്ടിക്കുള്ളിലാക്കി പതുക്കെ വിരലുകള്‍ക്കിടയിലൂടെ അതിന്‍റെ ചിറകുകളില്‍ പിടിച്ച് അത് അമ്മിണിക്കുട്ടിക്കുനേരെ നീട്ടി.
"വേണ്ട നിന്‍റെ കിണ്ണാരം" അവള്‍ ചൊടിച്ചു .
പരിഭവം മാറാതിരുന്ന അവളുടെ കവിളുകളില്‍ അവന്‍ തുമ്പിയുടെ കാലുകള്‍ കൊണ്ട് ഇക്കിളിയാക്കി. അവര്‍ മൂവരും പൊട്ടിച്ചിരിച്ചു. അയാള്‍ താടി തടവി.
നിലാവില്‍ കുളിച്ച ആ രാത്രി, സ്വപ്നംതീര്‍ത്ത കറുപ്പ്തീണ്ടാത്ത നാട്ട്‌വഴിയിലൂടെ അയാള്‍ യാത്ര തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ ഒരു കുളിര്‍കാറ്റ് തലോടുന്നതായി അയാള്‍ക്ക്‌ തോന്നി. പാമിറിന്‍റെ അടിവാരത്തുള്ള ആ അഫ്ഗാന്‍ ഗ്രാമത്തിലെ ശൈത്യകാറ്റല്ല. മൈലുക്കപ്പുറം, ഭീഭത്സമായ യുഗങ്ങല്‍ക്കപ്പുറം, കൊലപാതകങ്ങ്ക്കും ബലാല്‍സസംഗങ്ങക്കും അപ്പുറം മനുഷ്യനന്മയുടെ കേതാരമായി കുടികൊണ്ട പഴയ ആ നാട്ടിന്‍പുറത്തെ തുമ്പയേയും തെച്ചിയേയും അരയാലിനേയും തഴുകിവന്ന ഒരു കൊച്ചു പാലക്കാടന്‍ കാറ്റ്. ആ കാറ്റില്‍ കോരിത്തരിച്ചുനിന്ന അയാളുടെ അല്ല അവന്‍റെ മുന്നില്‍ നിന്ന് അമ്മിണിക്കുട്ടി വിങ്ങി. യൌവനം അവളുടെ പഴയ പട്ടുകുപ്പായത്തെ നന്നേ ചെറുതാക്കിയിരിക്കുന്നു.ആ തുടുത്ത കവിള്‍ത്തടങ്ങളില്‍ കൂമ്പിനില്‍ക്കുന്ന ഓരോ മുഖക്കുരുവും തനിക്കുനേരെ തൊടുത്തുവെച്ച പുച്ഛത്തിന്‍റെ പരിഹാസത്തിന്‍റെ അസ്ത്രങ്ങളായി അവന് തോന്നി.

"നിനക്ക് ഞാന്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല എന്നാണോ? അതോ.........?"
അവള്‍ വിതുമ്പി.
മഴക്കാലത്തെ ഒരു സന്ധ്യയായിരുന്നു അത്. വഴിയുടെ ഓരംപറ്റി തെളിമയുള്ള ഒരരുവിപോലെ മഴവെള്ളം ഒളിച്ചു പോകുന്നു. അവന്‍ ചിന്താമഗ്നനായി വെള്ളത്തിലേക്ക്‌ നോക്കി. പരല്‍ മീനുകള്‍ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നു.
"ഞാന്‍ പോകുന്നു" അവള്‍ പറഞ്ഞു.
അവന്‍ തല ഉയര്‍ത്തി ഒരിക്കല്‍കൂടി അവളുടെ കവിളുകളിലേക്ക് നോക്കി.